അപ്പൂസ് കുറുക്കനും ലഹരി വിരുദ്ധ മുന്നണിയും
പേർഷ്യൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അപ്പൂസ് കുറുക്കൻ ഇപ്പോൾ കാട്ടിലെ വലിയൊരു സാമൂഹിക പരിഷ്കർത്താവാണ്. കാട്ടുകാർക്ക് വേണ്ടി മാത്രമായി ഉഴിഞ്ഞു വയ്ക്കുന്ന ഒരു ജന്മം ആണ് താനെന്ന് ധരിച്ചു കല്യാണം ഉറപ്പിച്ചു വച്ചിരിക്കുന്ന വീടുകളിൽ പോയി വരെ ഇല്ലക്കതകളും ആയി അവതരിക്കാൻ ഒരു മടിയും ഇല്ലാത്ത വല്ലാത്ത ഒരു സൈക്കോ ആയി മാറിയിരിക്കുകയാണ് അപ്പൂസ് കുറുക്കൻ...
അങ്ങനെയിരിക്കെ കാട്ടിലെ മൃഗങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പോരാടാൻ അപ്പൂസ് ഒരു 'ലഹരി വിരുദ്ധ മുന്നണി' രൂപീകരിച്ചു.
ഒരു ഞായറാഴ്ച വൈകുന്നേരം വനത്തിലെ വലിയ ആൽമരച്ചുവട്ടിൽ അപ്പൂസ് പ്രസംഗിക്കാൻ നിന്നു.
അപ്പൂസിന്റെ വേഷം ഗൗരവമുള്ളതാണ്, പക്ഷേ അവന്റെ സംസാരത്തിൽ ഒരു ചെറിയ മാറ്റം! ചുണ്ടിന്റെ ഒരു വശത്ത് വലിയൊരു തമ്പാക്ക് പൊതി തിരുകിയിരിക്കുന്നത് കൊണ്ട് വാക്കുകൾ പുറത്തേക്ക് വരുന്നത് അല്പം കുഴഞ്ഞാണ്.
അപ്പൂസ് ഗർജ്ജിച്ചു (അല്ലെങ്കിൽ അങ്ങനെ ശ്രമിച്ചു)
"സുഹൃത്തുക്കളേ... (ചുണ്ടിന്റെ ഇടയിലെ തമ്പാക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്തു കൊണ്ട്)... ലഹരി ഈ കാടിനെ നശിപ്പിക്കും!
ആ കഞ്ചാവ് ചെടികൾ കടിച്ചു തിന്നുന്ന മാനുകളും, ചാരായം കുടിച്ചു ബോധമില്ലാതെ വീഴുന്ന കുരങ്ങന്മാരും നമ്മുടെ കാടിന് അപമാനമാണ്.
ലഹരിയുടെ ഒരു തരി പോലും നമ്മുടെ ഉള്ളിൽ ചെന്നാൽ ബുദ്ധി നശിക്കും!"
ഇതുകേട്ട് ജമീ മുയൽ സംശയത്തോടെ അപ്പൂസിന്റെ മുഖത്തേക്ക് നോക്കി.
"അപ്പൂസേ, നിന്റെ ചുണ്ടിന്റെ അവിടെ ഇരിക്കുന്നത് എന്താ? അത് ലഹരിയല്ലേ?"
അപ്പൂസ് ഒട്ടും കുലുങ്ങിയില്ല. അവൻ ആ തമ്പാക്ക് ഒന്ന് കൂടി അമർത്തി വെച്ചിട്ട് പറഞ്ഞു...
"ഇതോ?
ജമീ... നിനക്ക് വിവരമില്ലാത്തത് കൊണ്ടാണ്! ഇത് ലഹരിയല്ല, ഇത് പേർഷ്യയിൽ നിന്ന് സുൽത്താൻ എനിക്ക് തന്നു വിട്ട ഒരു പ്രത്യേക തരം 'ഔഷധ ഇല'യാണ്. പ്രസംഗിക്കുമ്പോൾ തൊണ്ട ഉണങ്ങാതിരിക്കാനുള്ള മരുന്ന്!
ഞാൻ ഈ ലഹരി വിരുദ്ധ പോരാട്ടം നടത്തുമ്പോൾ എനിക്ക് ഊർജ്ജം കിട്ടാൻ ഇത് വേണം."
അപ്പൂസിന്റെ ഈ മറുപടി കേട്ട് മൃഗങ്ങൾ പരസ്പരം നോക്കി. അപ്പൂസ് പ്രസംഗം തുടർന്നു...
"നിങ്ങൾ ആരും ലഹരി തൊടരുത്! പുകവലിക്കരുത്, മദ്യപിക്കരുത്. പകരം എന്നെപ്പോലെ ഈ 'ഔഷധ ഇലകൾ' കല്ല്ഉ ഉപയോഗിച്ചു ഇടിച്ചു പൊടിച്ചു ഉപയോഗിക്കൂ..."
അപ്പൂസ് ഇത് പറഞ്ഞു തീർന്നതും അവിടേക്ക് കടുവ കടുപ്പൻ നടന്നു വന്നു. കടുപ്പനെ കണ്ടതും പേടിച്ചു പോയ അപ്പൂസ് അറിയാതെ വായിലിരുന്ന തമ്പാക്ക് മുഴുവൻ പുറത്തേക്ക് തുപ്പിപ്പോയി.
"എന്താ അപ്പൂസേ ഈ വഴി മൊത്തം ചുവപ്പിച്ചത്?"
കടുപ്പൻ ഗൗരവത്തിൽ ചോദിച്ചു.
അപ്പൂസ് വിറച്ചു കൊണ്ട് പറഞ്ഞു:
"ഒന്നുമില്ല കടുപ്പൻ ചേട്ടാ, വഴിയിൽ ഒരു ചുവന്ന പെയിന്റ് വീണതാണ്. ഞാൻ അത് വൃത്തിയാക്കാൻ നോക്കുകയായിരുന്നു!"
ലഹരി വിരുദ്ധ മുന്നണിയുടെ നായകൻ തന്നെ തമ്പാക്ക് വെച്ച് പിടിക്കപ്പെട്ടത് കാട്ടിലെ പുതിയ വലിയ തമാശയായി മാറി.
Comments
Post a Comment